മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഓഫീസിലും താമസസ്ഥലത്തും സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന് മാര്‍ഗനിര്‍ദേശം. സന്ദര്‍ശക മുറിയില്‍ ഇരിക്കുന്നവരുടെ ചിത്രങ്ങള്‍ ലഭിക്കത്തക്കവിധത്തിലാവണം ക്യാമറ സ്ഥാപിക്കേണ്ടത്. ഇപ്രകാരം ഫീഡ് ചെയ്യുന്ന ഡാറ്റകള്‍ ഒരു വര്‍ഷം വരെയെങ്കിലും സൂക്ഷിക്കാന്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തണം.
സംസ്ഥാന ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഏതെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഗവര്‍ണറേയോ മുഖ്യമന്ത്രിയേയോ, മന്ത്രിമാരേയോ ക്ഷണിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നവരെപ്പെറ്റി ആവശ്യമെങ്കില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) സേവനം ഉപയോഗപ്പെടുത്തി പ്രാഥമിക അന്വേഷണം നടത്തേണ്ടതും വിവാദങ്ങള്‍ക്കിടയില്ലെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളാണെങ്കില്‍ പ്രസ്തുത പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ സെക്രട്ടറിയോ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രൈവറ്റ് സെക്രട്ടറിമാരോ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഇക്കാര്യം ഒരാഴ്ച മുമ്പെങ്കിലും അറിയിച്ച് റിപ്പോര്‍ട്ട് വാങ്ങണം.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയിട്ടുള്ള സെക്യൂരിറ്റി അലര്‍ട്ട് ചാര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ച് മന്ത്രിമാരെ കാണാന്‍ വരുന്നവരെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ ബോധ്യപ്പെടണം. അപ്‌ഡേറ്റ് ചെയ്ത സെക്യൂരിറ്റി അലര്‍ട്ട് ചാര്‍ട്ട് അടിയന്തരമായി എല്ലാ മന്ത്രിമാരുടെയും ഓഫീസുകളില്‍ ലഭ്യമാക്കണം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ വരുന്ന സന്ദര്‍ശകരുടെ ബാഗേജുകള്‍ പ്രായോഗികമായ മാര്‍ഗത്തില്‍ സ്‌ക്രീന്‍ ചെയ്യണം. സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലേക്ക് കടത്തിവിടുന്ന സര്‍ക്കാര്‍ / സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. സെക്രട്ടേറിയറ്റ് പരിസരത്ത് വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളുടെയും ദൃശ്യങ്ങള്‍, പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളുടേതുള്‍പ്പെടെ, ലഭ്യമാകുംവിധം ക്യാമറകള്‍ സജ്ജീകരിക്കണം. അനുവദനീയമായ സമയത്തല്ലാതെ മന്ത്രിമാരെയോ ഉദ്യോഗസ്ഥരേയോ സന്ദര്‍ശിക്കുന്നതിന് സെക്രട്ടേറിയറ്റില്‍ വരുന്നവരെ രേഖാമൂലമുള്ള അറിയിപ്പില്ലാതെ സെക്രട്ടേറിയറ്റിനകത്തേക്ക് കടത്തിവിടുന്നില്ലെന്ന് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഉറപ്പുവരുത്തണം.
രാവിലെ മന്ത്രിസഭായോഗം നടക്കുന്ന ദിവസങ്ങളില്‍ അന്നേദിവസം ഉച്ചവരെയും വൈകുന്നേരം മന്ത്രിസഭായോഗം നടക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷവും മന്ത്രിസഭായോഗം നടക്കുന്ന ക്യാബിനറ്റ് ഫ്‌ളോറില്‍ സന്ദര്‍ശകരെ കടത്തിവിടാന്‍ പാടില്ല. നിശ്ചിത തീയതിയിലും സമയത്തും സന്ദര്‍ശകര്‍ക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വച്ച് മുഖ്യമന്ത്രിയെ കാണുന്നതിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. നിലവിലുള്ള ഫയര്‍ ലൈനുകള്‍ വ്യക്തമാക്കിക്കൊണ്ട് സെക്രട്ടേറിയറ്റിനകത്തെ വാഹനപാര്‍ക്കിങ് സംവിധാനം കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിക്കണമെന്നും ചീഫ് സെക്രട്ടറി സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.