മുകേഷിനെതിരെ കേസുകൊടുക്കും, ഞാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല: സരിത

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (20:09 IST)
PRO
നടന്‍ മുകേഷ് വീണ്ടും വിവാഹം കഴിച്ചതിനെതിരെ മുന്‍ ഭാര്യയും നടിയുമായ സരിത രംഗത്ത്. താനുമായുള്ള വിവാഹബന്ധം മുകേഷ് വേര്‍പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ വിവാഹവാര്‍ത്ത ഞെട്ടിച്ചുവെന്നും സരിത പറയുന്നു. മുകേഷിനെതിരെ കേസ്‌ നല്‍കുമെന്നും സരിത അറിയിച്ചു. മാധ്യമങ്ങള്‍ക്ക് ഇ മെയില്‍ സന്ദേശമായാണ് സരിത തന്‍റെ പ്രതികരണമെത്തിച്ചത്.

1988 ലാണ് ഞാനും മുകേഷും വിവാഹിതരായത്. ഞങ്ങള്‍ക്ക്‌ രണ്ടു കുട്ടികളുണ്ട്. അവര്‍ക്കൊപ്പം ഞാന്‍ ഇപ്പോള്‍ ദുബായിലാണ് താമസം. മുകേഷിന്‍റെ വിവാഹ വാര്‍ത്ത ഞാന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. 2007ല്‍ ചെന്നൈയിലെ കുടുംബക്കോടതിയെ ഞങ്ങള്‍ സമീപിക്കുകയും 2009ല്‍ സംയുക്‌ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‌തതാണ്. എന്നാല്‍ പിന്നീട്‌ കോടതി വിളിക്കുമ്പോഴൊന്നും മുകേഷ്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ 2010ല്‍ ഞാന്‍ ഹര്‍ജി പിന്‍വലിച്ചു. ഇപ്പോള്‍ വീണ്ടും വിവാഹം കഴിച്ചിരിക്കുന്ന മുകേഷിനെതിരേ സിവില്‍ ക്രിമിനല്‍ കേസ്‌ നല്‍കുന്നതാണ് - സരിത പറയുന്നു.

എന്നാല്‍ താനും സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന്‍റെ രേഖകള്‍ തന്‍റെ കയ്യിലുണ്ടെന്ന് മുകേഷും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രശസ്‌ത നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് വിവാഹം കഴിച്ചത്. മുകേഷിന്‍റെ വസതിയില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തിയ ശേഷം മരടിലെ സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു.