മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു

Webdunia
ഞായര്‍, 29 മെയ് 2011 (16:24 IST)
PRO
PRO
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ചുമതലയേറ്റു. സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.എറണാകുളം സെന്റ്മേരീസ്സ് ബസിലിക്കയില്‍ മൂന്ന് മണി മുതലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.

കാലംചെയ്ത മാര്‍ വര്‍ക്കി വിതയത്തിലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് സാല്‍വത്തോരെ പിനാക്കിയോ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ്പാക്കികൊണ്ടുള്ള പോപ്പ് ബെനഡിക്റ്റ് പതിനാറാമാന്റെ സന്ദേശം വായിച്ചു. ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, മലങ്കരസഭയുടെ അധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അതി മെത്രാസന മന്ദിരത്തില്‍ നിന്ന് കത്തീഡ്രലിലേക്ക് പ്രദക്ഷിണമായി ആരംഭിക്കുന്ന കര്‍മ്മങ്ങളുടെ ആദ്യഭാഗം സ്ഥാനാരോഹണമായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷന്‍റെ കത്തീഡ്രല്‍ പള്ളിയിലെ മദ്ബഹയിലെ കസേരയില്‍ സ്ഥാനചിഹ്നങ്ങളോടെ മേജര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയെ ഉപവിഷ്ടനാക്കി.

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരും മറ്റു സഭകളിലെ വൈദിക ശ്രേഷ്ഠരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ എല്ലാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, എറണാകുളം- അങ്കമാലി അതിരൂപതയുടെ എല്ലാ പള്ളികളില്‍ നിന്നുള്ള വൈദികര്‍, ഇടവക പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.