മാപ്പ് പറഞ്ഞത് തെറ്റ് ചെയ്തതുകൊണ്ടല്ല; ആരോടും പകയില്ലെന്നും പീതാംബരക്കുറുപ്പ്

Webdunia
തിങ്കള്‍, 4 നവം‌ബര്‍ 2013 (15:18 IST)
PRO
PRO
ശ്വേത മേനോന്‍ കൊല്ലത്ത് പൊതുപരിപാടിക്കിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞത് തെറ്റ് ചെയ്തതുകൊണ്ടല്ലെന്ന് എന്‍ പീതാംബരക്കുറുപ്പ് എംപി. സംഘാടകന്‍ എന്ന നിലയിലാണ് ശ്വേതയോട് ക്ഷമ ചോദിച്ചത്. മനപൂര്‍വ്വം ഒരു തെറ്റും ചെയ്തിട്ടില്ല. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ തന്നോട് പലര്‍ക്കും പകയുണ്ടാകാം. എന്നാല്‍ തന്നോട് ഈവിധം പെരുമാറിയതിന് ആരോടും പകയില്ലെന്നും പീതാംബരക്കുറുപ്പ് എംപി വിശദീകരിച്ചു.

തന്റെ സ്പര്‍ശനമോ ദര്‍ശനമോ അരോചകമായി തോന്നിയെങ്കില്‍ നിര്‍വ്യാജം പൊറുക്കണമെന്നായിരുന്നു ഇന്നലെ പീതാംബരക്കുറുപ്പിന്റെ പ്രതികരണം. പീതാംബരക്കുറുപ്പ് വ്യക്തിപരമായും പരസ്യമായും ഖേദം പ്രകടിപ്പിച്ചതിനാല്‍ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ശ്വേതാ മേനോനും വ്യക്തമാക്കി. താന്‍ ക്ഷമ ചോദിച്ചതിന്റെ സാഹചര്യമാണ് പീതാംബരക്കുറുപ്പ് ഇന്ന് വിശദീകരിച്ചത്. അതേസമയം ശ്വേതയുടെ വൈകി വന്ന ബുദ്ധിക്ക് നന്ദിയെന്ന് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോയാല്‍ തെളിയിക്കാന്‍ ശ്വേതയ്ക്ക് കഴിയുമായിരുന്നില്ല. വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രതാപവര്‍മ തമ്പാന്‍ പ്രതികരിച്ചു.

ശ്വേതയ്‌ക്കെതിരെ പ്രതാപവര്‍മ തമ്പാന്‍ ആക്ഷേപകരമായ പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയത്. വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്വേത മുന്‍പും ശ്രമിച്ചിട്ടുണ്ടെന്ന് പ്രതാപവര്‍മ തമ്പാന്‍ ആരോപിച്ചു. കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത അഭിനയിച്ചിട്ടുണ്ട്. അന്ന് പതിനാറോ മറ്റോ പ്രായമേ അവര്‍ക്കുള്ളൂ. അന്നുമുതല്‍ ഇത്തരം വേഷങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നു. നല്ല മെയ്‌വഴക്കമുള്ള നടിയാണവര്‍. കോടികള്‍ വാങ്ങി സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചു. ലോകത്ത് ഒരു സ്ത്രീയും ഇന്നുവരെ തയ്യാറാകാത്ത കാര്യമാണ് അതെന്നും പ്രതാപവര്‍മ തമ്പാന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ പീതാംബരക്കുറുപ്പിനെതിരായ പരാതി പിന്‍വലിച്ചത് ശ്വേതാ മേനോന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതേസമയം ശ്വേതയെ അപമാനിച്ച കേസിന്റെ എഫ്‌ഐആര്‍ ഡിവൈഎഫ്‌ഐയ്ക്ക് നല്‍കാനാവില്ലെന്ന് കൊല്ലം ഈസ്റ്റ് പോലീസ് രേഖാമൂലം അറിയിച്ചു. എഫ്‌ഐആര്‍ നല്‍കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്.