മലപ്പുറം മദ്യ ദുരന്തം: രാഷ്ട്രീയ അട്ടിമറിയായിരുന്നില്ല

Webdunia
വ്യാഴം, 10 ജനുവരി 2013 (20:27 IST)
PRO
മലപ്പുറം മദ്യദുരന്തം ഒരു രാഷ്ട്രീയ അട്ടിമറി ആയിരുന്നില്ലെന്നും ബിനാമികളുടെ അമിത ലാഭമോഹവും ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കൊണ്ടും സംഭവിച്ചതാണെന്നും ബിനാമി-എക്സൈസ് അവിഹിത ബന്ധത്തിനും തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്.

മദ്യദുരന്തത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജസ്റ്റിസ് എം രാജേന്ദ്രന്‍നായര്‍ കമ്മീഷന്‍ നല്‍കിയ കമ്മിഷന്‍ ഓഫ് എന്‍ക്വയറി റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

മലപ്പുറത്ത് തിരൂര്‍, കുറ്റിപ്പുറം, കാളികാവ് എക്സൈസ് റേഞ്ച് ഏരിയകളില്‍ 2010 സെപ്റ്റംബറിലാണ് ദുരന്തം ഉണ്ടായത്. ദുരന്തത്തില്‍ 26 പേര്‍ മരണപ്പെടുകയും 12 പേര്‍ക്ക് അംഗഭംഗമുണ്ടാകുകയും ചെയ്തു.

മദ്യദുരന്തമുണ്ടായത് ദ്രവ്യന്‍ ബിനാമിയായി നടത്തിവന്ന വാണിയമ്പലം കള്ളുഷാപ്പിലാണെന്നും ലൈസന്‍സികളെ മുന്‍ നിര്‍ത്തി അവരുടെ അറിവോടെയാണ് ബിനാമികള്‍ ഷാപ്പുകള്‍ നടത്തിയിരുന്നതെന്നും ഇത് എക്സൈസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണസമ്മതത്തോടെയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റെലിജന്റ്സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 78 സിറ്റിംഗ് നടത്തിയ കമ്മീഷന്‍ 486 സാക്ഷികളെയും 221 രേഖകളും പരിഗണിച്ചു.