സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍, മന്ത്രി അടൂര്‍ പ്രകാശിനെ വൈറ്റിലയിലെ ഫ്ലാറ്റില്‍ സന്ദര്‍ശിച്ചിരുന്നെന്ന രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടത് വ്യാജമെന്നും മാനനഷ്ടത്തിന് കേസു കൊടുക്കുമെന്നും മന്ത്രി. സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളനുസരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് മന്ത്രിയുടെ ഫ്ലാറ്റില്‍ ലക്ഷ്മി എന്ന പേരിലാണ് സരിത സന്ദര്‍ശനം നടത്തിയത്. മൂന്നു മണിക്കൂറോളം സരിത അവിടെ ഉണ്ടായിരുന്നുവെന്നും രേഖകള്‍ പറയുന്നു.
അതേസമയം രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും തന്നെ ഒരിക്കലും സരിത സന്ദര്‍ശിച്ചിട്ടില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വിശദീകരണം നല്‍കി. പൊലീസിന് വേണമെങ്കില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്താമെന്നും, വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ പുറത്തുവിട്ട ഫ്ലാറ്റിലെ രജിസ്റ്ററിലെ രേഖകള്‍ അനുസരിച്ച്, 2012 മാര്‍ച്ച് 13ന് കാലത്ത് എട്ട് മണിക്കാണ് സരിതയെത്തിയത്. 6 എ നമ്പര്‍ ഫ്ലാറ്റിലേയ്ക്ക് വന്ന സരിത രജിസ്റ്ററില്‍ കുറിച്ച പേര് ലക്ഷ്മി എന്നാണ്.
താന്‍ കുറച്ചു തവണ മാത്രമാണ് ആ ഫ്ലാറ്റില്‍ താമസിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അതും പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുവേണ്ടി എത്തിയപ്പോഴാണ്. ആ സമയത്തൊന്നും സരിത അവിടെ വന്നിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഫ്ലാറ്റില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇടപെടണമെന്ന് താമസക്കാര്‍ ആവശ്യപ്പെട്ടിരുന്നു.നിരവധി കേസുകള്‍ നേരിടുന്ന ഫ്ലാറ്റുടമയാണ് കെട്ടിച്ചമച്ച ഈ രേഖകള്‍ക്ക് പിന്നിലെന്നാണ് തന്റെ വിശ്വാസമെന്നും മന്ത്രി പറഞ്ഞു. പൊലീസിനു വേണമെങ്കില്‍ എന്തു കാര്യവും അന്വേഷിക്കാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.