സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒന്നടങ്കം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഗൂഢാലോചന നടത്തുകയാണെന്നും വി എസ് ആരോപിച്ചു.
സോളാര്‍ കേസ് അട്ടിമറിക്കാന്‍ കോടികള്‍ ഒഴുക്കി വിലപേശല്‍ നടത്തിയ സര്‍ക്കാര്‍ ഒന്നടങ്കം രാജിവയ്ക്കണം. കേസ് അട്ടിറിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഗൂഢാലോചന നടത്തുകയാണ് - വി എസ് ആരോപിച്ചു.
പണം കൊടുത്ത് സരിതയുമായി ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ശ്രമിക്കുന്നതിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. മന്ത്രി എ പി അനില്‍കുമാറിന്‍റെ ശബ്ദരേഖയാണ് ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.
സരിതയുടെ മൊഴിയില്‍ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പണം നല്‍കി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചത് എന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലപ്പുറത്തെ ഒരു വ്യവസായിയായ ഹംസ കസ്റ്റഡിയിലിരിക്കുന്ന പ്രതിയായ സരിതയുമായി ഇനിയും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് വെളിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. പ്രൈവറ്റ് ബസ് ഉടമകളുടെ സംസ്ഥാനതല ഭാരവാഹി കൂടിയാണ് ഹംസ.
ഈ പണമിടപാടില്‍ ബെന്നി ബെഹനാന്‍ എം എല്‍ എയും പങ്കാളിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏഷ്യാനെറ്റ് പുറത്തുവിടുന്നത്. എ പി അനില്‍കുമാറിന്‍റെ ശബ്ദരേഖയില്‍ ‘ബെന്നിച്ചേട്ടന്‍’ എന്ന പരാമര്‍ശം വ്യക്തമാണ്.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗം എന്ന നിലയില്‍ ചാനല്‍ പ്രതിനിധി മന്ത്രി അനില്‍കുമാറുമായി നടത്തിയ സംഭാഷണങ്ങളാണ് ഇപ്പോല്‍ പുറത്തുവന്നിട്ടുള്ളത്.
പൊലീസ് കസ്റ്റഡിയിലിരിക്കുന്ന പ്രതിയായ സരിതയുമായി ഇനിയും ഒത്തുതീര്‍പ്പ് സാധ്യമാണ് എന്ന വെളിപ്പെടുത്തലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്നത്. ആഭ്യന്തര വകുപ്പിനെയും സംസ്ഥാനത്തെ പൊലീസിനെയും ജയില്‍ സംവിധാനങ്ങളെയും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.