മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനഃസംഘടനയെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ശെല്‍വരാജിന്റെ മന്ത്രിസ്ഥാനം ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിച്ചതോടെ നാടാര്‍ വിഭാഗം മന്ത്രി സ്ഥാനത്തിന് വേണ്ടി വിലപേശിത്തുടങ്ങി. നിലവില്‍ നാടാര്‍ വിഭാഗത്തില്‍ മൂന്ന് എം എല്‍ എമാരാണ് ഉള്ളത്. ഇവരില്‍ ആരെയെങ്കിലും മന്ത്രിയാക്കണമെന്നാണ് നാടാര്‍ വിഭാഗത്തിന്റെ ആവശ്യം.
യു ഡി എഫ് നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് വി എസ് ഡി പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ നാടാര്‍ സമുദായത്തിന് മന്ത്രി സ്ഥാനം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്റെ പ്രതികരണം.