മന്ത്രിമാര്‍ക്ക് ഇനി എസ്കോര്‍ട്ടും പൈലറ്റുമില്ല, ഉമ്മന്‍ചാണ്ടിയുടെ സുരക്ഷ കുറച്ചു, വെള്ളാപ്പള്ളിക്കൊപ്പമുള്ള 6 പൊലീസുകാരെ തിരിച്ചുവിളിച്ചു; പിണറായിയുടെ ജനകീയ പരിഷ്കരണം വീണ്ടും!
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ ജനകീയ പരിഷ്കാരം കേരളമാകെ ചര്‍ച്ച ചെയ്യുന്നു. മന്ത്രിമാരുടെയും സമൂഹത്തിലെ പ്രധാനവ്യക്തികളുടെയും ‘വി ഐ പി പരിവേഷം’ ഇല്ലാതാക്കാനുള്ള തീരുമാനമാണ് ചര്‍ച്ചയാകുന്നത്. മന്ത്രിമാര്‍ക്ക് പൊലീസിന്‍റെ എസ്കോര്‍ട്ടും പൈലറ്റും വേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഉടന്‍ തന്നെ ഈ തീരുമാനം നടപ്പില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തരവകുപ്പും പൊലീസും ഈ പരിഷ്കരണം അംഗീകരിച്ചിരിക്കുകയാണ്. ആഭ്യന്തരസെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ അവലോകനയോഗത്തിലും ഈ തീരുമാനത്തിന് അനുകൂലമായ നിലപാടാണ് ഉണ്ടായത്.
ഇതനുസരിച്ച് മന്ത്രിമാര്‍ക്ക് ഇനിമുതല്‍ എസ്കോര്‍ട്ടോ പൈലറ്റോ ഉണ്ടാകില്ല. സുരക്ഷ നല്‍കുന്ന പൊലീസുകാരുടെ എണ്ണത്തിലും ഗണ്‍മാന്‍മാരുടെ എണ്ണത്തിലും കുറവുവരുത്തുന്നുണ്ട്.
മന്ത്രിമാര്‍ക്കൊപ്പം രണ്ട് ഗണ്‍മാന്‍മാര്‍ ഉള്‍പ്പടെ അഞ്ചുപൊലീസുകാരെ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് നേരത്തേ ഉണ്ടായിരുന്നത്. ഇനി ഇസഡ് കാറ്റഗറി സുരക്ഷയായിരിക്കും ലഭിക്കുക.
സുരക്ഷാഭീഷണിയുള്ള ചില മുന്‍ എംഎല്‍എമാര്‍ക്ക് ഗണ്‍മാനെ അനുവദിക്കും. വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് പൊലീസുകാരെ പിന്‍വലിക്കും.
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒപ്പമുള്ള ആറ് പൊലീസുകാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള സുരക്ഷ വെള്ളാപ്പള്ളിക്ക് ലഭിക്കുന്നുണ്ട് എന്നതുകൊണ്ടാണിത്.