മദ്യം അമിതമായി ഉള്ളില്‍ച്ചെന്ന പത്താംക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍. പുനലൂരിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിയും പിറവന്തൂര്‍ സ്വദേശിയുമായ പതിനഞ്ചുകാരനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ഞായറാഴ്ച പുനലൂരില്‍ എട്ടുവയസ്സുകാരന്‍ അമിതമായി മദ്യം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പെയാണിത്. രാവിലെ വീട്ടില്‍നിന്നിറങ്ങിയ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല.
പിന്നീട് സമീപപ്രദേശത്തുള്ള പാറപ്പുറത്ത് അവശനായി കിടക്കുന്നനിലയില്‍ സമീപവാസികളാണ് കുട്ടിയെ കണ്ടത്. സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് വിവരം സ്‌കൂളില്‍ അറിയിച്ചത്.
ഓട്ടോറിക്ഷയില്‍ കുട്ടിയെ സ്‌കൂളിലെത്തിച്ചു. പിന്നീട് ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. കുട്ടി അവിടെ നിരീക്ഷണത്തിലാണ്.സ്‌കൂള്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.