മദനിയുടെ വാറണ്ടിന്‍റെ കാലാവധി നീട്ടി

Webdunia
ചൊവ്വ, 20 ജൂലൈ 2010 (15:30 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന്‍റെ കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി. ബാംഗ്ലൂര്‍ മെട്രോ പൊളീറ്റന്‍ മജിസ്ട്രേട് കോടതിയാണ് വാറണ്ട് കാലാവധി നീട്ടിയത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് കോടതി വാറണ്ട് കാലാവധി നീട്ടിയത്‌. അതേ സമയം മദനിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജ്ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. സെഷന്‍സ്‌ കോടതി നേരത്തേ ഹര്‍ജ്ജി തള്ളിയിരുന്നു.

ജൂണ്‍ 15നാണ് മദനിക്കും ഷുഹൈബിനുമെതിരെ ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജൂണ്‍ 23ന് ഹാജരാക്കാനായിരുന്നു ആദ്യം നിര്‍ദ്ദേശം. പിന്നീട് ജൂലൈ ആറിനകം ഹാജരാക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുതുക്കി പുറപ്പെടുവിച്ചു. അന്നും ഹാജരാക്കാതിരുന്നതിനാല്‍ വീണ്ടും വാറണ്ട് പുതുക്കുകയായിരുന്നു.