സ്ഫോടന പരമ്പരക്കേസില്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഈ മാസം 29 ലേക്ക് മാറ്റി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കൂടുതല്‍ സമരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. സെഷന്‍സ് കോടതി നേരത്തേ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായ മദനിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന്റെ കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമായിരുന്നു കോടതി വാറണ്ട് കാലാവധി നീട്ടിയത്.
ജൂണ്‍ 15നാണ് മദനിക്കും ഷുഹൈബിനുമെതിരെ ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വെങ്കിടേഷ് ഗുരിഗി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജൂണ്‍ 23ന് ഹാജരാക്കാനായിരുന്നു ആദ്യം നിര്‍ദ്ദേശം. പിന്നീട് ജൂലൈ ആറിനകം ഹാജരാക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുതുക്കി പുറപ്പെടുവിച്ചു. അന്നും ഹാജരാക്കാതിരുന്നതിനാല്‍ വീണ്ടും വാറണ്ട് പുതുക്കുകയായിരുന്നു.