മദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

Webdunia
വ്യാഴം, 22 ജൂലൈ 2010 (09:08 IST)
ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ മുപ്പത്തിയൊന്നാം പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. പൊലീസിന്‍റെ വിശദമായ വാദം ഹൈക്കോടതി കേള്‍ക്കുമെങ്കിലും വിധി ഇന്നുണ്ടാകില്ല. രേഖകളുടെ പരിശോധനകള്‍ക്കു ശേഷം മറ്റൊരു ദിവസമാകും വിധി പ്രസ്താവിക്കുക. ജാമ്യാപേക്ഷയില്‍ എത്രയും പെട്ടെന്ന് അന്തിമതീരുമാനമുണ്ടാകണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

ജൂലൈ പന്ത്രണ്ടിനാണ് മദനിയുടെ അഭിഭാഷകന്‍ പി ഉസ്മാന്‍ ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബാംഗ്ലൂര്‍ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കര്‍ണാടക ഹൈക്കോടതിയിലെ ക്രിമിനല്‍ സിംഗിള്‍ ബെഞ്ച്‌ മുമ്പാകെ വരുന്ന അപേക്ഷ ജസ്റ്റിസ്‌ എന്‍ ആനന്ദയാണ്‌ പരിഗണിക്കുക. മദനിയുടെ യാത്ര രേഖകള്‍ അടങ്ങിയ കേരള പൊലീസിന്‍റെ കൈവശമുള്ള രേഖകള്‍ ഹൈക്കോടതി പരിഗണിച്ച്‌ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ്‌ ഹര്‍ജിയിലെ വാദം.

ബാംഗ്ലൂര്‍ അതിവേഗ കോടതിയുടെ കുറ്റപത്രത്തിലെയും വിധിന്യായത്തിലേയും പൊരുത്തക്കേടുകള്‍ക്കൊപ്പം പ്രൊസിക്യൂഷന്‍റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.