മതമേലധ്യക്ഷന്മാര്‍ കേരളാ രാഷ്ട്രീയത്തെ വഴി തെറ്റിക്കുന്നു: പിണറായി

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2012 (18:30 IST)
PRO
PRO
മതമേലധ്യക്ഷന്മാര്‍ കേരളാ രാഷ്ട്രീയത്തെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുപക്ഷം എന്തുവില കൊടുത്തും ഈ ശ്രമം തടയുമെന്നും പിണറായി പറഞ്ഞു. ചങ്ങനാശേരിയില്‍ നിന്ന് കല്പന പുറപ്പെടുവിക്കുന്ന മാന്യദേഹം ഇക്കാര്യം ഓര്‍ത്താല്‍ നന്ന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ കൂടുതല്‍ ദയനീയമായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ശെല്‍‌വരാജായിരിക്കും സ്ഥാനാര്‍ഥി എന്ന് പറഞ്ഞത് പിസി ജോര്‍ജ് ആണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് മറ്റൊരാളാവുന്നത് പരിഹാസ്യമാണ്. ശെല്‍‌വരാജിന് എന്ത് ഓഫറാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

പ്രതിരോധ രംഗത്തെ അഴിമതി എ കെ ആന്റണി കണ്ടില്ലെന്ന് നടിക്കുകയാണ്. അഴിമതി നിസാരവത്കരിക്കാനാണ് ആന്റണിയുടെ ശ്രമം. കരസേനാ മേധാവി പരസ്യമായി പറഞ്ഞപ്പോള്‍ മാത്രമാണ് കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ ആന്റണി തയ്യാ‍റായതെന്നും പിണറായി പറഞ്ഞു.