മണ്ഡപത്തില്‍ നിന്ന്‌ വധു ഓടി; കാമുകന്‍ വന്നതുമില്ല!

Webdunia
തിങ്കള്‍, 4 ജൂലൈ 2011 (16:17 IST)
PRO
PRO
താലി കെട്ടാന്‍ ഒരുങ്ങുമ്പോള്‍ വരന്റെ കൈതട്ടി മാറ്റി കതിര്‍മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഓടുന്ന വധുവിനെ അനേകം സിനിമകളുടെ ക്ലൈമാക്സ് സീനുകളില്‍ നാം കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം വധുവിനെ സ്വീകരിക്കാന്‍ ഒരു കാമുകന്‍ പ്രത്യക്ഷപ്പെടാറുമുണ്ട്.

കോട്ടയം കോടിമതയിലെ സുമംഗലി ഓഡിറ്റോറിയത്തില്‍ കല്യാണം കൂടാന്‍ എത്തിയവര്‍ വധുവിന്റെ ഈ ഇറങ്ങിപ്പോക്ക് നേരില്‍ കണ്ടു. പക്ഷേ ആ നേരത്ത് കാമുകന്‍ വന്നില്ല,വരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പറ്റിക്കുകയായിരുന്നു. മകളെ ഇനി വേണ്ടെന്ന് പിതാവും പറഞ്ഞു.

പുതുപ്പള്ളി സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെയാണ് കാമുകന്‍ വഞ്ചിച്ചത്. തിരുവനന്തപുരം സ്വദേശിയും ഗള്‍ഫില്‍ എന്‍ജിനീയറുമായ യുവാവുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് വധു മണ്ഡപത്തില്‍ എത്തിയത്. തുടര്‍ന്ന് വരന്‍ താലി അണിയിക്കാന്‍ ഒരുങ്ങവെ ‘ഈ വിവാഹം വേണ്ട’ എന്ന് പറഞ്ഞ് വധു ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ വധുവിനെ പിടികൂടി മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനിടെ പൊലീസും സ്ഥലത്തെത്തി.

മറ്റൊരു യുവാവുമായി ഈ പെണ്‍കുട്ടി പ്രണയത്തില്‍ ആയിരുന്നെന്നും ഇവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റജിസ്റ്റര്‍ വിവാഹം നടത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പൊലീസ് എത്തിയപ്പോഴാണ് പുറത്തായത്. പൊലീസ് കാമുകനെ വിളിച്ചെങ്കിലും ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ കൈവിടുകയായിരുന്നു എന്നാണ് സൂചന. ഒടുവില്‍ മകളെ വേണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞു.

കാര്യങ്ങള്‍ ഈ സ്ഥിതിയില്‍ എത്തിയപ്പോള്‍ വെട്ടിലായത് പൊലീസ് ആണ്. അവസാനം പെണ്‍കുട്ടിയെ അച്ഛന്റെ ബന്ധുവിനൊപ്പം പറഞ്ഞുവിടുകയായിരുന്നു. കാര്യങ്ങള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.