മണിമലയാറ്റില്‍ 3 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (10:54 IST)
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ചു. എരുമേലി പതാക്കുഴിയില്‍ ലിജിഭവനിലെ കുഞ്ഞുമോന്റെ മക്കളായ ലിറ്റ (21), ലിജി (19) എന്നിവരും കുഞ്ഞുമോന്റെ സഹോദരന്‍ പ്രവീണ്‍ നിവാസില്‍ സോദരന്റെ മകള്‍ രേഷ്മ (16) യുമാണ് മരിച്ചത്. ഓരുങ്കല്‍ കടവിലെ ആറാട്ടുകയത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ചരളയില്‍ താമസിക്കുന്ന ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ കുളിക്കാനായി എത്തിയത്. മൂന്നു ദിവസമായി മഴ പെയ്തതിനാല്‍ ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.

40 അടിയിലേറെ താഴ്ചയുള്ള കയത്തിന് ഇവര്‍ പെട്ടുപോയതായാണ് കരുതുന്നത്. പരസ്പരം രക്ഷിക്കാന്‍ ശ്രമിച്ചതാണ് മൂവരും മരണപ്പെടാന്‍ കാരണമായത്.

ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.

എരുമേലി നളന്ദ കോളജ് വിദ്യാര്‍ത്ഥിനിയാണ് ലിജി. ലിറ്റ നെടുംകാവുവയല്‍ ഐടിസിയിലും രേഷ്മ വെച്ചൂച്ചിറ ഗവണ്‍‌മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് പഠിച്ചിരുന്നത്.