മകരവിളക്ക് ഇന്ന്: ദര്‍ശനത്തിനായി ലക്ഷങ്ങള്‍

Webdunia
വ്യാഴം, 14 ജനുവരി 2010 (10:10 IST)
PRO
മകരവിളക്ക് ഇന്ന്. മകരസംക്രമദിനത്തില്‍ ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാനും മകരജ്യോതി കാണുവാനുമായി ലക്ഷങ്ങളാണ് ശബരിമലയില്‍ എത്തിയിരിക്കുന്നത്. തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തും.

പമ്പയിലും സന്നിധാനത്തേക്കുള്ള കാനന പാതകളിലും ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തിരക്ക് കണക്കിലെടുത്ത് ഒരു മണിക്കൂര്‍ നേരത്തെ ഇന്ന് നട തുറന്നിരുന്നു. ഉച്ചയ്ക്ക് 12.39 നാണ് മകര സംക്രമ പൂജ. മകരസംക്രമപൂജയ്ക്കും അഭിഷേകത്തിനും ശേഷം ഒരു മണിക്ക് നട അടയ്ക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് ദര്‍ശനത്തിനും സന്ധ്യാപൂജയ്ക്കുമായി വീണ്ടും നട തുറക്കും.

ഉച്ചയ്ക്ക് രണ്ടു മണിയോടെ പമ്പാനദി കടന്ന് വലിയാനവട്ടത്ത് എത്തുന്ന തിരുവാഭരണ ഘോഷയാത്ര പമ്പ ദേവസ്വം സ്പെഷ്യല്‍ ഓഫീസര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. വൈകുന്നേരത്തോടെ ഘോഷയാത്ര സന്നിധാനത്ത് എത്തും. ആറരയ്ക്കാണ് തിരുവാഭരണ വിഭുഷിതനായ അയ്യപ്പന് ദീപാരാധന നടത്തുക. ഈ സമയമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നതും.

പമ്പയിലും നിലയ്ക്കലും തുടങ്ങി കിലോമീറ്ററുകള്‍ അകലെ വരെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ പടക്കങ്ങളുമായി എത്തിയ ഒരു ഭക്തനെ പൊലീസ് പിടികൂടി. സാധാരണ പടക്കങ്ങളാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പതിനെട്ടു മണിക്കൂറോളമാണ് ദര്‍ശനത്തിനായി കാത്തുനില്‍ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും നന്നേ പാടുപെടുന്നുണ്ട്.