ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം: ബന്ധുക്കള്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2013 (18:23 IST)
PRO
ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവിനെയും ഭര്‍ത്താവിന്‍റെ സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് വേട്ടമ്പള്ളി തവലോട്ടുകോണം ജീന നിവാസില്‍ സുനിതയെന്ന 33കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ആന്‍റണിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഞായറാഴ്ച ഭര്‍തൃമാതാവായ ലില്ലിഭായി, ഭര്‍തൃ സഹോദരി ജയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഒത്താശ ചെയ്തു എന്ന കുറ്റമാരോപിച്ചാണ്‌ ഇരുവരെയും അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ റൂറല്‍ എസ്പി തോമസ് കുട്ടി, നെടുമങ്ങാട് ഡിവൈഎസ്പി വേണുഗോപാല്‍, സിഐ സുരേഷ് കുമാര്‍, തഹസീല്‍ദാര്‍ ബൈജു, മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്‍റ് പി എന്‍ ഷീല എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സുനിതയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മാര്‍ട്ടം ചെയ്തിരുന്നു. ഞായറാഴ്ച മൃതദേഹം മറവു ചെയ്യുകയും ചെയ്തു.

ആന്‍റണിയുടെ ക്രൂരമര്‍ദ്ദനത്തില്‍ തലയടിച്ചു വീണ സുനിതയ്ക്ക് ഏറ്റ അമിത രക്തസ്രാവമാണ്‌ മരിക്കാന്‍ പ്രധാന കാരണമെന്ന് സിഐ സുരേഷ് കുമാര്‍ അറിയിച്ചു.

ഓഗസ്റ്റ് മൂന്നാം തീയതി സുനിതയെ ആരോ ഫോണ്‍ ചെയ്തു എന്നാരോപിച്ച് എട്ടും അഞ്ചും വയസ്സുള്ള മക്കളുടെ സാന്നിദ്ധ്യത്തില്‍ സുനിതയെ അടിച്ചും ഇടിച്ചും കൊലചെയ്യുകയായിരുന്നു. പിന്നീട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം മൂന്നു ദിവസം പായയില്‍ പൊതിഞ്ഞു രഹസ്യമായി സൂക്ഷിച്ചിരുന്നു.

അഞ്ചാം തീയതി രാവിലെ തന്നെ മക്കളെ പേരൂര്‍ക്കട കോണ്‍വെന്‍റില്‍ കൊണ്ടാക്കിയിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷമാണ്‌ ആന്‍റണിയും മാതാവും ചേര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയത്.