ഭാര്യമാരെ കൈമാറ്റം ചെയ്ത് പീഡിപ്പിച്ചു!

Webdunia
ഞായര്‍, 17 ഏപ്രില്‍ 2011 (10:15 IST)
PRO
ഭാര്യമാരെ കൈമാറ്റം ചെയ്ത് പീഡിപ്പിച്ച കേസില്‍ ഭാര്യയും ഭര്‍ത്താവും അടക്കം മൂന്ന് പേര്‍ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായ മുരളീകൃഷ്ണന്‍ എന്ന മുപ്പതിയൊമ്പതു വയസ്സുകാരന്റെ ഭാര്യയാണ് പരാതിക്കാരി. ഇവര്‍ക്ക് 27 വയസ്സുണ്ട്.

കുടക് സ്വദേശി മുരളീകൃഷ്ണന്‍ ബാംഗ്ലൂര്‍ എച്ച് എം ഫാം റോഡിലെ താമസക്കാരനാണ്. ഇയാളും സുഹൃത്ത് തവനൂര്‍ സ്വദേശി സുരേഷും (30) ഭാര്യ തൃക്കണാപുരം കളത്തില്‍ വളപ്പില്‍ നിഷ (24) എന്നിവരുമാണ് പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരില്‍ സ്വന്തമായി ഒരു ക്ഷേത്രം നിര്‍മ്മിച്ച് അതിന്റെ പൂജാരിയായി കഴിയുകയായിരുന്നു മുരളീകൃഷ്ണന്‍.

വയറിംഗ് ജോലിക്കാരനായ സുരേഷും ഭാര്യ നിഷയും മുരളീകൃഷ്ണനൊപ്പമാണ് ബാംഗ്ലൂരില്‍ താമസിക്കുന്നത്. സുരേഷ് മുഖേനയാണ് മുരളിയുടെ വിവാഹം നടക്കുന്നത്. വിവാഹ ശേഷം മുരളിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമായി താമസം. ഇവിടെ വച്ച് ഇവര്‍ ഭാര്യമാരെ പരസ്പരം കൈമാറി.

നിഷയ്ക്ക് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടുന്നതില്‍ എതിര്‍പ്പില്ലായിരുന്നു എങ്കിലും പരാതിക്കാരിയായ മുരളീകൃഷ്ണന്റെ ഭാര്യ ഇത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്, ഭര്‍ത്താവില്‍ നിന്നും സുരേഷില്‍ നിന്നും നിഷയില്‍ നിന്നും ഇവര്‍ക്ക് പീഡനമേറ്റുവാങ്ങേണ്ടി വന്നു. സ്വന്തം ഭാര്യ നിഷയുടെ സഹായത്തോടെ സുരേഷ് ഇവരെ ബലാത്സംഗം ചെയ്തു.

ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും പീഡനങ്ങളെ തുടര്‍ന്നും എതിര്‍ത്ത യുവതിയെ മൂന്ന് പേരും ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആറ് മാസങ്ങളോളം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 25 ന് വീണുകിട്ടിയ അവസരം ഉപയോഗിച്ച് യുവതി സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്ത് തന്നെ ഉടന്‍ രക്ഷിക്കണമെന്ന് അറിയിച്ചു. ഇതെ തുടര്‍ന്ന് വീട്ടുകാരെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി.

പീഡനകഥയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കിയ ബന്ധുക്കളുടെ സഹായത്തൊടെ യുവതി പരാതി നല്‍കി. വിഷുവിന് നാട്ടിലെത്തിയപ്പോള്‍ സുരേഷിനെയും നിഷയെയും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന്, മുരളീകൃഷ്ണനെയും നാട്ടിലെത്തിച്ച് പൊലീസിന്റെ വലയില്‍ കുടുക്കുകയായിരുന്നു.