ഭര്‍ത്തൃമതിയുടെ ആത്മഹത്യ: അയല്‍ക്കാരന്‍ പിടിയില്‍

Webdunia
ശനി, 29 മാര്‍ച്ച് 2014 (15:06 IST)
PTI
PTI
ഭര്‍ത്തൃമതിയായ യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുലശേഖരപുരം നീലികുളം വയ്യാ വീട്ടില്‍ അരുണ്‍ എന്ന 26 കാരനെയാണ്‌ കഴിഞ്ഞ ദിവസം പൊലീസ് ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നയാളാണ്‌.

യുവാവ് നിരന്തരം ഫോണിലൂടെ യുവതിയെ ശല്യം ചെയ്തിരുന്നതായി കാണിച്ച് ഗള്‍ഫില്‍ കഴിയുന്ന ഭര്‍ത്താവും പിതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നിരന്തര ശല്യം കാരണം 2013 ജൂണ്‍ 16 നു യുവതി സൌദിയിലെ വീട്ടില്‍ തൂങ്ങിമരിക്കുകയാണുണ്ടായത്. യുവതിയുടെ മരണത്തിനു ശേഷവും യുവാവ് ഈ മൊബൈലില്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ട് സൌഹൃദ ബന്ധം ഉണ്ടാക്കിയ ശേഷം അരുണ്‍ യുവതിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങിയിരുന്നു. ഈ സമയത്തായിരുന്നു യുവതിയെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് പണം ആവശ്യപ്പെട്ട യുവതിയെ അരുണ്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ പിതാവിനെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.

കരുനാഗപ്പള്ളി സി.ഐ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാംഗ്ലൂരില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന അരുണിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‍ട്റേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.