മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ച് അഞ്ചു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം സ്വദേശി പ്രശോഭ് സുഗതനെ കേരളത്തിലെത്തിച്ചു. എംവി പ്രഭുദയ കപ്പലിന്റെ സെക്കന്‍ഡ് ഓഫിസറായ പ്രശോഭിനെ വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.
ട്രിങ്കോമാലിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന പ്രശോഭിനെ കൊളംബോ -തിരുവനന്തപുരം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് കൊണ്ടുവന്നത്. സിഐ പി വി ബേബിയുടെ നേതൃത്വത്തിലുള്ള സംഘം പ്രശോഭിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
അപകടം നടന്നതിന് ശേഷം കപ്പലില്‍ നിന്നു വീണ് പരുക്കേറ്റ പ്രശോഭിനെ ശ്രീലങ്കന്‍ നാവികസേനയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പ്രശോഭ് കപ്പലില്‍ നിന്ന് സ്വയം ചാടിയതാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം കപ്പലിന്റെ ക്യാപ്റ്റനും മറ്റും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് പ്രശോഭിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
English Summary: Prasobh Sugathan ,the first accused and the second officer of the vessel, suspected to have collided with a boat off Kerala resulting in the death of five was brought to the State capital today.