ബോട്ടപകടം: മരിച്ചവരില്‍ മലയാളികളില്ല

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (21:05 IST)
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മലയാളികള്‍ മരിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം മരണസംഖ്യ 38 ആയെന്നാണ് അനൌദ്യോഗിക വിവരങ്ങള്‍. എന്നാല്‍ 28 പേര്‍ മരിച്ചതായാണ് ഔദ്യോഗികറിപ്പോര്‍ട്ടുകള്‍.

മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചതില്‍ കൂടുതലും. കരയ്‌ക്കടുപ്പിച്ച മൃതദേഹങ്ങളില്‍ മിക്കവയിലും ഡീസല്‍ പുരണ്ടിരുന്നു. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടയത്. അങ്ങനെ വരുമ്പോള്‍ ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ ശ്വാസം കിട്ടാന്‍ ബുധിമുട്ടുണ്ടാകുകയും കൂടുതല്‍ മരണത്തിനുള്ള സാധ്യത ഉയരുകയും ചെയ്യും.

അതേസമയം, നാവികസേനയുടെ ഹെലികോപ്‌റ്റര്‍ ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 40 അംഗ സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. മുങ്ങല്‍ വൈദഗ്‌ധ്യമുള്ള 20 പേരും സംഘത്തിലുണ്ട്. എന്നാല്‍ കൂടുതല്‍ സേനയെ വേണ്ടിവരുമെന്നാണ് സൂചനകള്‍.