ബിജു രാധാകൃഷ്ണന്‍ തടവറയില്‍ നോവലെഴുതുകയാണ്- ‘പുനര്‍‌ജന്മം കൊതിക്കുന്ന സൂര്യകാന്തിപൂക്കള്‍‌‘‍!!

Webdunia
തിങ്കള്‍, 27 ജനുവരി 2014 (14:36 IST)
PRO
രശ്മി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണന്‍ കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞ മൂന്നുമാസം കൊണ്ടെഴുതിയ നോവല്‍ വെളിച്ചം കാണുന്നത് കാത്ത് കഴിയുന്നു.

ജയിലധികൃതരുടെ കാരുണ്യം കാത്താണ് 'പുനര്‍ജന്മം കൊതിക്കുന്ന സൂര്യകാന്തിപൂക്കള്‍' എന്ന് പേരിട്ട ആത്മകഥാംശമുള്ള നോവല്‍. കേരള കൗമുദിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

‍ മുകുന്ദന്‍ എന്ന നോവലിസ്റ്റും രണ്ടാം ഭാര്യയായ യമുനയും മക്കളായ അമ്മുവും സരയുവുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആദ്യഭാര്യയെ കൊന്ന് ജയിലില്‍ കഴിയുന്ന മുകുന്ദന് മക്കള്‍ക്കൊപ്പം സ്വപ്‌നകണ്ട ലോകം നഷ്ടമാകുന്നു.

മുകുന്ദന്‍ ജയിലില്‍ ആ നോവല്‍ പൂര്‍ത്തിയാക്കുന്നു. വര്‍ഷങ്ങള്‍ പോകെ ആ നോവല്‍ മകള്‍ക്ക് പാഠ്യവിഷയമാകുന്നതാണ് അമ്പത് പേജോളം എഴുതി തീര്‍ത്ത പുസ്തകത്തിന്റെ പ്രമേയം.

കോടതിയുടെ അനുമതിയോടെ നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി ബിജു ജയില്‍ സൂപ്രണ്ട് മുഖാന്തരം ജയില്‍ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

രശ്മിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റപ്പെട്ട ബിജുരാധാകൃഷ്ണന്‍ കൂടുതല്‍ തിരുത്തലുകള്‍ക്കും വിലയിരുത്തലിനുമായി നോവലും കൂടെക്കൊണ്ടു പോയതായും റീപ്പോര്‍ട്ടുണ്ട്.