സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷണന്‍ ജയിലില്‍ നിന്നും നടി ശാലു മേനോന് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. നിന്നെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.
സഹതടവുകാരന്‍ വഴിയാണ് ശാലുവിന് ബിജു കത്ത് കൊടുത്തയച്ചത്. ശാലുവിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് താന്‍ കീഴടങ്ങിയതെന്ന് കത്തില്‍ ബിജു പറയുന്നു. തന്റെ മീശ വടിപ്പിച്ചത് പോലീസാണെന്നും ബിജു കത്തില്‍ പറയുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ യഥാര്‍ഥ പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍അംഗങ്ങളായ സലീംരാജിനെയും ജിക്കുമോനെയും അറസ്റ്റു ചെയ്യാത്തതെന്തെന്നും ബിജു ചോദിക്കുന്നു.
ശാലുവിന് താന്‍ നല്‍കിയ സഹായങ്ങളുടെ ഒരു ശതമാനംപോലും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. തന്നെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതു മാറ്റണമെന്നും കത്തില്‍ ശാലുവിനോട് ബിജു അപേക്ഷിക്കുന്നു.
സരിത എസ് നായരുടെ ഡ്രൈവര്‍ ശ്രീജിത്തിന്റെ സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണമെന്നും കത്തില്‍ ബിജു പറയുന്നുവെന്നും ജാമ്യത്തിലിറങ്ങാന്‍ തന്നെ സഹായിക്കണമെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.