അബ്കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് അബ്കാരി നിയമത്തിലെ ഭേദഗതിയാണ് കോടതി റദ്ദാക്കിയത്. ബാറുകളുടെ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥയും റദ്ദാക്കി. നിയമഭേദഗതി അശാസ്ത്രീയമാണെന്ന് കോടതി വിലയിരുത്തി.
മദ്യഉപഭോഗം കുറയ്ക്കാനാണ് നിയമഭേദഗതിയെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. സംസ്ഥാനത്ത് മദ്യവില്‍പന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ ഫെഡിനും ബിവറേജസ് കോര്‍പറേഷനുമാണെന്നിരിക്കെ സ്വകാര്യ മേഖലയ്ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. നിയമഭേദഗതി ടൂറിസം മേഖലയെ തകര്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
2012-2013 വര്‍ഷത്തില്‍ ഫോര്‍സ്റ്റാര്‍ നിലവാരമെങ്കിലുമുള്ള ഹോട്ടലുകള്‍ക്കും അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായും ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പഞ്ചായത്തുകളില്‍ മൂന്നു കിലോമീറ്റര്‍ ദൂരപരിധിയിലും മുനിസിപ്പാലിറ്റികളില്‍ ഒരു കിലോമീറ്റര്‍ പരിധിയിലും മാത്രമേ ബാറുകള്‍ അനുവദിക്കൂവെന്നുമായിരുന്നു വ്യവസ്ഥ.