ബസ് ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന് ആര്യാടന്‍ മുഹമ്മദ്

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2012 (12:17 IST)
PRO
PRO
ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. നിരക്ക് വര്‍ധന അനിവാര്യമാണെന്ന് ആര്യാടന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തീരുമാനം കൂടുതല്‍ ആലോചനയ്ക്ക് ശേഷം ഉണ്ടാകും. യാത്രാ നിരക്ക് എത്ര രൂപ കൂട്ടണമെന്ന് പിന്നീട് തീരുമാനിക്കും. ബസുടമകളുടെ ആവശ്യം ന്യായമാണ്. ഡീസല്‍ വില വര്‍ധനയില്‍ ഇളവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായേക്കും എന്ന് സൂചനകള്‍ ഉണ്ട്. ഇക്കാര്യം കൂടി വ്യക്തമായശേഷം കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ആര്യാടന്‍ അറിയിച്ചു.

ഡീസല്‍ വില കൂടിയ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് ഏഴ് രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെയും മറ്റ് ഘടകകക്ഷികളെയും അനുനയിപ്പിക്കാനായി ഡീസല്‍ നിരക്ക് കുറയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.