ഫേസ്ബുക്ക് അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ: എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

Webdunia
ചൊവ്വ, 28 ജനുവരി 2014 (14:30 IST)
PRO
PRO
ഫേസ്ബുക്കില്‍ അപമാനിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍
ചേരാനല്ലൂര്‍ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. എസ്ഐയ്ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണന്‍ കെജി ജയിംസ് നല്‍കി പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഉത്തരവ്. യുവതി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ എസ് ഐ വീഴ്ച വരുത്തി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം സൗത്ത് ചിറ്റൂര്‍ മെട്രോ പാരഡൈസ് അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്‌ക്ക് താമസിക്കുന്ന അമ്പലപ്പുഴ തോട്ടപ്പള്ളി ബിനുഭവനില്‍ അനീഷിന്റെ ഭാര്യ വിജിതയാണ് (27) ആത്മഹത്യ ചെയ്തത്.

ഫേസ്ബുക്കിലൂടെയും എസ്‌എം‌എസിലൂടെയും യുവതിക്കെതിരേ വ്യാജപ്രചരണം നടത്തിയതില്‍ മനം‌നൊന്താണ് അവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. യുവതിയുടെ സഹോദരനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രതീഷ് യുവതിയെ മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയതിനെത്തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ചേരാനല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകാത്തതിനെത്തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. എന്നാല്‍ കേസ് വീണ്ടും ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്യുകയാണ് ജില്ല പൊലീസ് നേതൃത്വം ചെയ്തത്.

എന്നിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഇടപെട്ട കോടതി വിഷയം പരിശോധിച്ചശേഷം റിപ്പോര്‍ട്ട് നല്‍കണമെന്ന് ചേരാനല്ലൂര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ നടക്കുന്നതിടെയാണ് യുവതി ആത്മഹത്യ ചെയ്തത്. അതേസമയം ഫേബ്സുക്ക് വിഷയമല്ലെന്നും ഭര്‍ത്താവ് വഴക്കുപറഞ്ഞതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും സംശയങ്ങളുണ്ട്.