പ്രധാനമന്ത്രിയും രാഹുലും ഇന്നെത്തും

Webdunia
ശനി, 9 ഏപ്രില്‍ 2011 (10:45 IST)
PRO
PRO
യു ഡി എഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയും ശനിയാഴ്ച കേരളത്തില്‍ എത്തും. രാവിലെ കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങുക.

രാവിലെ 10.30ന് നാവിക വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി കോട്ടയത്തേക്ക് പോകും. 11:30-ന് നെഹ്രു സ്റ്റേഡിയത്തില്‍ ചേരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും.

തുടര്‍ന്ന് അദ്ദേഹം കൊല്ലത്തേക്ക് പോകും. ചിന്നക്കട റസ്റ്റ് ഹൌസില്‍ ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം അല്‍‌പനേരം വിശ്രമിക്കും. 3:30-ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് ഭവന്‍ ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ശനിയാഴ്ച തന്നെ അദ്ദേഹം കേരളത്തില്‍ നിന്ന് മടങ്ങുകയും ചെയ്യും.

രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ അദ്ദേഹം എറണാകുളം രാജേന്ദ്രമൈതാനത്ത് പ്രസംഗിക്കും. തുടര്‍ന്ന് ചാലക്കുടി, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. 2.30ന് പത്തനംതിട്ടയിലും പ്രസംഗിക്കും.

ഞായറാഴ്ച തിരുവനന്തപുരം, പാലക്കാട്, മാനന്തവാടി, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളില്‍ രാഹുല്‍ഗാന്ധി പ്രസംഗിക്കും. തുടര്‍ന്ന് അദ്ദേഹം കോയമ്പത്തൂരിലേക്ക് പോകും.