പൊലീസ്‌സേനയില്‍ കൂടുതല്‍ കായികതാരങ്ങളെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി

Webdunia
തിങ്കള്‍, 3 ഫെബ്രുവരി 2014 (19:40 IST)
PRO
PRO
ഓരോ വര്‍ഷവും കൂടുതല്‍ കായികതാരങ്ങളെ സേനയില്‍ നിയമിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും അതിലൂടെ കായികരംഗത്ത് കേരള പൊലീസിന് മുന്‍പുണ്ടായിരുന്ന പ്രതാപം നിലനിര്‍ത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഓള്‍ ഇന്ത്യ പോലീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ പോലീസ് സേനാംഗങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാപേലീസിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ ഉദ്ഘാടനവും പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

പുതിയ എസ്ഐമാരായി നിയമിക്കപ്പെട്ട 251 പേര്‍ക്കുളള പരിശീലനം മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നും അതിനായി 1.15 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ സ്ത്രീകളെ സേനയില്‍ നിയമിക്കാനും പദ്ധതിയുണ്ട്. പോലീസിലെ കായികതാരങ്ങള്‍ക്കായി സേനയുടെ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഇന്‍ഷുറന്‍സ് പദ്ധതിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐഎം വിജയനടക്കമുളള കായികതാരങ്ങള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരളാപോലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ സഹായിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പൊലീസ് മേധാവി കെ എസ് ബാലസുബ്രമഹ്ണ്യം അഭിപ്രായപ്പെട്ടു.