തരംകിട്ടിയാല്‍ പൊലീസിനെ തല്ലുമെന്ന് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ എം ഷംസീര്‍. പൊലീസുകാരുടെ ഭാര്യയും മക്കളും വീട്ടില്‍ തനിച്ചാണെന്ന് ഓര്‍ക്കണമെന്നും ഷംസീറിന്റെ ഭീഷണി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഷംസീര്‍.
ഷുക്കൂര്‍ വധക്കേസില്‍ പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. പാര്‍ട്ടിയെ വേട്ടയാടുന്ന പൊലീസുകാര്‍ കയ്യൂരില്‍ ഒരു മുന്‍ പൊലീസുകാരനുണ്ടായ അനുഭവം ഓര്‍ക്കണം. ഖദറിട്ട ഗുണ്ടകളെ ഡി വൈ എഫ് ഐ എങ്ങനെ നേരിട്ടോ അതുപോലെ തന്നെ പൊലീസിനെയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊലീസ് ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ പ്രസംഗിച്ചതിന് ഷംസീറിനെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് സി പി എം നേതാവ് എം വി ജയരാജിനെതിരെ പൊലീസ് കേസെടുത്തിരുന്നു.