പെരുമാറ്റദൂഷ്യം: ഗോപി കോട്ടമുറിയ്ക്കലിന് സ്ഥാനചലനം

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2011 (16:23 IST)
PRO
PRO
സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ തല്‍‌സ്ഥാനത്ത് നിന്ന് മാറ്റി. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കോട്ടമുറിക്കലിനെതിരെ പെരുമാറ്റദൂഷ്യം എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതെതുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തുടര്‍ന്ന് സി വി ഔസേപ്പിന്റെ അധ്യക്ഷതയില്‍ തിങ്കാളാഴ്ച രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനത്തിന്‌ അംഗീകാരം നല്‍കുകയായിരുന്നു. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം എം സി ജോസഫൈന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവരും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

കോട്ടമുറിക്കലിനെതിരായി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ്‌ അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എ കെ ബാലന്‍, വൈക്കം വിശ്വന്‍, എം സി ജോസഫൈന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് ആരോപണം അന്വേഷിക്കുക.

കോട്ടമുറിക്കലിനെതിരായ പെരുമാറ്റദൂഷ്യ പരാതി പാര്‍ട്ടിക്കകത്ത് നിന്ന് തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിക്കാണ് പരാതി ലഭിച്ചത്. കടുത്ത വി എസ് പക്ഷക്കാരനായ കോട്ടമുറിക്കല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഔദ്യോഗികപക്ഷത്തേക്ക് ചുവടുമാറിയത്. ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്നത് വി എസ് പക്ഷമാണെന്നതും ശ്രദ്ധേയമാണ്.

പി ശശി സദാചാരലംഘനം നടത്തിയെന്ന പരാതി ലഭിച്ച് ഏറെനാള്‍ കഴിഞ്ഞാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്തു, ഇക്കാരണത്താലാണ് ഗോപി കോട്ടമുറിയ്ക്കലിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ നടപടി കൈക്കൊള്ളാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പരാതിയുടെ വിശദാംശങ്ങള്‍ അടക്കം മാധ്യമങ്ങളില്‍ വരാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി ഭയക്കുന്നു. എന്നാല്‍ അച്ചടക്ക നടപടികള്‍ വേണോ എന്ന കാര്യം പരാതിയെക്കുറിച്ച് അന്വേഷിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.