പെരുമണ്‍ ദുരന്തത്തിന് 21 വയസ്സ്

Webdunia
ബുധന്‍, 8 ജൂലൈ 2009 (09:38 IST)
കേരളത്തെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന് ഇന്ന് 21 വയസ്സ് തികയുന്നു. 1988 ജുലൈ എട്ടിനായിരുന്നു ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഐലന്‍റ് എക്സ്പ്രസിന്‍റെ പത്ത് ബോഗികള്‍ പെരുമണില്‍ വച്ച് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്.

സ്ത്രീകളും കുട്ടികളുമടക്കം 105 പേരാണ് അപകടത്തില്‍ മരിച്ചത്. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ട്രെയിനിന്‍റെ എഞ്ചിനും ഒരു ജനറല്‍ കം‌പാര്‍ട്ട്‌മെന്‍റും മാത്രമാണ് പാലം കടന്നത്. അപകടകാരണമെന്താണെന്ന് 21 വര്‍ഷമായിട്ടും കണ്ടെത്താനായിട്ടില്ല. ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന രണ്ട് കമ്മിഷനുകള്‍ പ്രഖ്യാപിച്ചു.

റെയില്‍‌വേയുടെ അപകട ചരിത്രത്തിലെതന്നെ വിചിത്രമായ കണ്ടെത്തലാ‍യിരുന്നു ഇത്. റെയില്‍‌വേ ഗാങ്മാന്മാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് സമീപവാസികള്‍ പറയുന്നു. ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരന്ത ഭൂമിയില്‍ അനുസ്മരണ സമ്മേളനം നടത്തും. മരിച്ചവരുടെ ബന്ധുക്കള്‍ ഇന്ന് അഷ്ടമുടിക്കായലിന്‍റെ തീരത്ത് പുഷ്പാര്‍ച്ചന നടത്തും.