പെരിയ ബാങ്ക് കവര്‍ച്ചക്കേസില്‍ മൂന്നുപ്രതികള്‍ക്ക് ആറു വര്‍ഷം കഠിനതടവ്. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി മജിസ്‌ട്രേറ്റ് കെ സോമന്‍ ആണ് വിധി പ്രഖ്യാപിച്ചത്. കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടു.
മൂന്നാംപ്രതി കൃഷ്ണമൂര്‍ത്തി, നാലാംപ്രതി ചിന്നമുരുകന്‍, ആറാം പ്രതി അണ്ണാദുരൈ എന്നിവര്‍ക്കാണ് ആറുവര്‍ഷം കഠിനതടവ്. എട്ടാം പ്രതിയും മലയാളിയുമായ ഹനീഫ, പന്ത്രണ്ടാംപ്രതി ശങ്കര്‍ എന്നിവര്‍ക്ക് രണ്ടുവര്‍ഷം തടവും ഒന്‍പതാംപ്രതി മുരുകന് ഒന്നരവര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്.
പത്താംപ്രതി അഞ്ജലി, പതിനൊന്നാംപ്രതി ശേഖര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. കേസില്‍ ആകെയുള്ള പ്രതികളില്‍ എട്ടുപേരെ പിടികൂടാന്‍ മാത്രമേ പോലീസിന് സാധിച്ചുള്ളു.
2009 ജൂണ്‍ 17ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെരിയയിലെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലായിരുന്നു കവര്‍ച്ച നടന്നത്. 33 കിലോ സ്വര്‍ണവും 6.74 ലക്ഷം രൂപയുമായിരുന്നു സംഘം കവര്‍ന്നത്.