പൂതാടി‍: ഡിവൈഎസ്പിക്കും പങ്ക്

Webdunia
ബുധന്‍, 29 ഏപ്രില്‍ 2009 (15:32 IST)
തന്നെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാനന്തവാടി ഡി വൈ എസ് പിയായ ജി ഹരിദാസിന്‌ പങ്കുണ്ടെന്ന് പൂതാടി ഗ്രമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ് വി എന്‍ ശശീന്ദ്രന്‍ പറഞ്ഞു. ശശീന്ദ്രനെ ഇന്ന് സുല്‍ത്താല്‍ ബത്തേരി ജുഡീഷ്യല്‍ സെക്കന്‍ഡ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി.

സി പി എമ്മിനെതിരെ മൊഴി നല്‍കരുതെന്ന് ഡി വൈ എസ് പി തന്നോട് ആവശ്യപ്പെട്ടു. തെറ്റായതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ മൊഴികള്‍ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയിലെ ഒരു വീട്ടിലായിരുന്നു തന്നെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചിരുന്നത്. മൂന്നു ക്വട്ടേഷന്‍ സംഘങ്ങള്‍ അവിടെ എത്തിയിരുന്നതായും ശശീന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം ശശീന്ദ്രന്‍റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് സി പി എമ്മും, പൊലീസും ആരോപിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു പൂതാടി ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്‍റ് വി എന്‍ ശശീന്ദ്രനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. ഒരാഴ്ച നീണ്ട അനിശ്‌ചിതത്വത്തിനു ശേഷം, തിങ്കളാഴ്ച വൈകിട്ട് കൊടുവള്ളിയില്‍ നിന്നാണ് ശശീന്ദ്രനെ കണ്ടെത്തിയത്.

മാനന്തവാടി ഡി വൈ എസ് പി ഹരിദാസിന്‍റെയും പുല്‍പ്പള്ളി സി ഐ ഉദയകുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇദ്ദേഹത്തെ കണ്‌ടെത്തിയത്‌. തുടര്‍ന്ന് ഇന്നലെ ഇദ്ദേഹത്തെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.