പൂച്ചെണ്ടുകള്‍ പ്രതീക്ഷിച്ചല്ല മന്ത്രിയായത്: എ കെ ആന്റണി

Webdunia
ബുധന്‍, 11 ഏപ്രില്‍ 2012 (11:07 IST)
PRO
PRO
കരസേനയും പ്രതിരോധ വകുപ്പും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി. പൂച്ചെണ്ടുകള്‍ മാത്രം പ്രതീക്ഷിച്ചല്ല താന്‍ പ്രതിരോധമന്ത്രിയായതെന്നും ആന്റണി പറഞ്ഞു. ഇന്ത്യന്‍ സൈനിക വിഭാഗങ്ങളെക്കുറിച്ച്‌ തനിക്ക്‌ ഏറെ അഭിമാനമുണ്ടെന്നും ആന്റണി കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക്‌ വേണ്ടി എന്തെല്ലാം ചെയ്യേണ്ടിവരുമോ അതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും. പ്രതിരോധ മേഖലയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ ഒന്നും തള്ളിക്കളയുന്നില്ല. അന്വേഷിച്ച്‌ നടപടിയെടുക്കും. സേനയില്‍ ഒരു പോരായ്മയുമില്ലെന്ന്‌ പറയുന്നില്ല. ആ പോരായ്മകളെല്ലാം പരിഹരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയ്ക്ക്‌ അടിസ്ഥാനമില്ലെന്ന് ആന്റണി പറഞ്ഞു.

പ്രതിരോധ വകുപ്പിന്റെ പോരായ്മകള്‍ പരിശോധിക്കാന്‍ പാര്‍ലമെന്ററി സമിതിക്ക്‌ അധികാരമുണ്ട്‌. അതിനെ ആരും ചോദ്യം ചെയ്യാറില്ല. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും കടല്‍സുരക്ഷയും ശക്‌തമാക്കുന്നതിന്റെ ഭാഗമായി തീരദേശ സേനയെ ശക്‌തിപ്പെടുത്തും. ഇതിന്റെ ഭാഗമായി രാജ്യത്ത്‌ 46 തീരദേശ റഡാര്‍ സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കും. ഇവയില്‍ നാലെണ്ണം കേരളത്തിലും ആറെണ്ണം ലക്ഷദ്വീപിലുമാണ്‌. തീരദേശ പൊലീസ്‌ സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ആന്റണി പറഞ്ഞു.