പുല്ലുമേട് ദുരന്തം: റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു

Webdunia
വ്യാഴം, 20 ജനുവരി 2011 (12:34 IST)
PRO
ശബരിമല പുല്ലുമേട് ദുരന്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡും ഡി ജി പിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡി ജി പിക്കു വേണ്ടി ഐജി ബി സന്ധ്യ നേരിട്ട് കോടതിയില്‍ ഹാജരായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശബരിമല ദുരന്തത്തില്‍ പൊലീസിന്‌ വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്തത്തില്‍ പൊലീസിന്‌ വീഴ്ച പറ്റിയിട്ടില്ലെന്നും പൊലീസിന്‍റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിക്കും തിരക്കുമാണ്‌ ദുരന്തത്തിന്‌ കാരണമെന്ന പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ശബരിമലയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പുല്ലുമേടില്‍ വാഹനങ്ങള്‍ ക്രമരഹിതമായി പാര്‍ക് ചെയ്തതാണ് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ സൌകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന് അനുമതി കിട്ടിയിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിനു പൊലീസുകാരെ ലഭിച്ചില്ലെന്നും ദേവസ്വം ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, 279 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നെന്നാണ് ഡി ജി പിയുടെ റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചായിരുന്നു ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്‌ കേസ്‌ സ്വമേധയാ പരിഗണിക്കുകയായിരുന്നു. പുല്ലുമേട്ടില്‍ ദുരന്തമുണ്ടാകാന്‍ കാരണമെന്താണെന്ന്‌ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ദേവസ്വം, പൊലീസ്‌ വനംവകുപ്പുകള്‍ ദുരന്തത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.