പുല്ലുമേട് ദുരന്തം: മാര്‍ച്ച് അവസാനം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Webdunia
ശനി, 25 ഫെബ്രുവരി 2012 (03:37 IST)
പുല്ലുമേട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അവസാനത്തോടെ സമര്‍പ്പിക്കും. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ കമ്മിഷനാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. ബന്ധപ്പെട്ട കക്ഷികളുടെ വാദം കമ്മിഷന്‍ മുമ്പാകെ വെള്ളിയാഴ്ച പൂര്‍ത്തിയായി. 39 സാക്ഷികളെ കമ്മിഷന്‍ വിസ്തരിച്ചു. 32 സിറ്റിങ്ങുകള്‍ നടത്തി.

മാര്‍ച്ച് ഒന്നിന് കമ്മിഷന്‍ ഉപ്പുപാറയും പുല്ലുമേടും വീണ്ടും സന്ദര്‍ശിക്കും. കഴിഞ്ഞ വര്‍ഷം ശബരിമല തീര്‍ത്ഥാടകര്‍ തിക്കിലും തിരക്കിലും പെട്ട് പുല്ലുമേട്ടില്‍ മരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചാണ് കമ്മിഷന്‍ അന്വേഷിച്ചത്.

കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ്, വനം, ഇലക്ട്രിസിറ്റി ബോര്‍ഡ്, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കും. ശബരിമലയിലെ സുരക്ഷാ സംവിധാനം ശക്തപ്പെടുത്താനുള്ള തുടര്‍പദ്ധതികള്‍ ആവിഷ്‌കരിക്കും.