പുലിയെ പിടിച്ച കുട്ടന് കിട്ടിയത് ‘പുലിവാല്’

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (19:07 IST)
PRO
PRO
ആങ്ങമൂഴിയില്‍ നാട്ടിലിറങ്ങിയ പുലിയെ പിടികൂടിയ വെട്ടു കുട്ടനെ പൊലീസ് അറസ്റ്റുചെയ്തു. ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട വന്യജീവിയാണ് പുലി. അതിനാല്‍ ജാമ്യമില്ലാത്ത വകുപ്പാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ‌കുട്ടനെ കൂടാതെ 25 നാട്ടുകാര്‍ക്കെതിരെയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് പത്തനംതിട്ട സീതത്തോട് ആങ്ങമൂഴിയില്‍ പുലി ഇറങ്ങിയത്. ആങ്ങമൂഴി ഗുരുകുലം യു പി സ്കൂളിന്‌ സമീപം പുലിയെ കണ്ട നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. നാട്ടുകാരെ കണ്ടതൊടെ സമീപത്തെ റബര്‍ തോട്ടത്തിലെ കിടങ്ങില്‍ പുലി ഒളിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ അറിയിച്ചെങ്കിലും പുലിയെപിടിക്കാനുള്ള ഉപകരണമൊന്നും വനപാലകരുടെ പക്കലില്ലായിരുന്നു. തുടര്‍ന്നാണ് കൊല്ലത്തു നിന്ന് പുലിയെ പിടിക്കുന്നതില്‍ വിദഗ്ധനായ കുട്ടനെ സ്ഥലത്തെത്തിച്ചത്‌. ഉച്ചയോടെ കിടങ്ങില്‍ നിന്ന്‌ പുറത്തേക്കിറങ്ങിയ പുലി കുട്ടന്റെ മേല്‍ചാടി വീഴുകയായിരുന്നു. എന്നാല്‍ ഇയാള്‍ പുലിയെ കീഴ്പ്പെടുത്തി. ഈ സമയം നാട്ടുകാരും പുലിയുടെ മുകളിലേക്ക് ചാടിവീഴുകയായിരുന്നു.

പുലിയുടെ കാലുകള്‍ ബന്ധിച്ചു വനം റേഞ്ച്‌ ഓഫിസിലേക്കു കൊണ്ടുപോയെങ്കിലും വൈകാതെ ചത്തു. ജാമ്യത്തിലാണ്‌. 25.5 കിലോ തൂക്കമുള്ള പെണ്‍പുലിയാണ് ചത്തത്. പുലിയെ പിടിക്കാന്‍ വനം വകുപ്പാണ് കുട്ടനെ കൊണ്ട് വന്നതെങ്കിലും വനംവകുപ്പ് തന്നെ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കേസെടുത്തില്ലെങ്കില്‍ തങ്ങള്‍ നിയമക്കുരുക്കില്‍പ്പെടുമെന്നാണ് വനം‌വകുപ്പിന്റെ ന്യായം.

എന്നാല്‍ കേസൊന്നും കുട്ടന് പുത്തരിയല്ല. ഹിപ്പി രാജേഷ് വധക്കേസിലും മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താന്‍ വധക്കേസിലും ഇയാള്‍ പ്രതിയാണ്. ഇയാള്‍ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് അധികമായില്ല.