പുഞ്ചിരി വിടര്‍ത്തി അമ്പിളിച്ചേട്ടന്‍ പൊതുവേദിയില്‍

Webdunia
ശനി, 12 ഏപ്രില്‍ 2014 (15:54 IST)
PRO
PRO
വാഹനാപകടത്തിനു ശേഷം ജീവിതത്തിലേക്ക് പിച്ച വയ്ക്കുന്ന ജഗതി ശ്രീകുമാര്‍ ഇതാദ്യമായി പൊതുവേദിയിലെത്തി. ഒന്നര വര്‍ഷത്തിനു ശേഷം പൊതുവേദിയിലെത്തിയ അമ്പിളിച്ചേട്ടന്‍ അവിടെയും വ്യത്യസ്തത കാട്ടി.

എല്ല് പൊടിഞ്ഞു പോകുന്ന രോഗങ്ങളുള്ള കുട്ടികളുടെ കൂട്ടായ്മയായ അമൃത വര്‍ഷിണിക്കായി ഒരുക്കിയ ഡോക്യു ഡ്രാമയുടെ പ്രകാശന ചടങ്ങിലാണ് ജഗതി പങ്കെടുത്തത്. ഇത് തികച്ചും യാദൃച്ചികമാണെങ്കിലും ജഗതി ശ്രികുമാര്‍ വീണ്ടും വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്കെത്തണമെന്ന ആരാധകരുടെ പ്രാര്‍ഥന ഫലം കണ്ടുതുടങ്ങി എന്നു വേണം പറയാന്‍.

നിറഞ്ഞുനിന്ന കരഘോഷങ്ങള്‍ക്കിടെ മകന്‍ രാജ് കുമാര്‍ ജഗതിയെ വീല്‍ചെയറില്‍ വേദിയിലേക്ക് കൊണ്ടുവന്നു. ഇതിനിടെ സദസിനെ കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്യാനും ജഗതി മറന്നില്ല. തുടന്ന് വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് തന്നെ നിലവിളക്ക് കൊളുത്തി ജഗതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വലതു കൈയ്ക്ക് സ്വാധീനക്കുറവുള്ളതിനാല്‍ രാജ്കുമാര്‍ നിലവിളക്ക് തെളിയിക്കാന്‍ സഹായിച്ചു. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍,​ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.