പി ജെ കുര്യന്റെ വത്തിക്കാന്‍ സന്ദര്‍ശനം; അപമാനകരമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2013 (12:41 IST)
PRO
PRO
പുതിയ മാര്‍പാപ്പയായി സ്ഥാനമേറ്റ പോപ് ഫ്രാന്‍സിസ് ഒന്നാമന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പി ജെ കുര്യന്‍ വത്തിക്കാനിലേക്ക് പോകുന്നതിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും രംഗത്ത്. വത്തിക്കാനില്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള കേരള പ്രതിനിധികളെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ നയിക്കുന്നതിനെതിരെയാണ് സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കത്തോലിക്കാ സമുദായ അംഗമല്ലാത്ത കുര്യന്‍ പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെയാണ് കത്തോലിക്ക വിശ്വാസിയായ പെണ്‍കുട്ടിയും കുടുംബവും മുന്നോട്ടു വന്നിരിക്കുന്നത്. സൂര്യനെല്ലി പീഡനക്കേസില്‍ ആരോപണ വിധേയനായ കുര്യനെ മാര്‍ത്തോമ സഭ പിന്തുണച്ചിരുന്നു. അതേസമയം, വിശ്വാസികള്‍ തിരിച്ചറിയുന്നുവെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച പള്ളിയില്‍ വരുന്നതില്‍നിന്ന് പെണ്‍കുട്ടിയെ വിലക്കിയിരുന്നു.

വത്തിക്കാനിലേക്കുള്ള കേരള സംഘത്തില്‍ പി ജെ കുര്യനെ ഉള്‍പ്പെടുത്തുന്നതു വഴി സര്‍ക്കാര്‍ തങ്ങളുടെ കുടുംബത്തെ അപമാനിച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പി ജെ കുര്യന്‍ മാര്‍ത്തോമ സഭാംഗമായിട്ടു കൂടി വത്തിക്കാനിലെ വിശുദ്ധചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ തങ്ങള്‍ക്ക് സാധാരണ പള്ളിയില്‍ പോകാന്‍ പോലും അവകാശമില്ലെന്നും അവര്‍ പറഞ്ഞു. സൂര്യനെല്ലികേസില്‍ പി ജെ കുര്യനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു.