പിള്ള - ഗണേഷ് പ്രശ്നം വെറും 2 ദിവസം കൊണ്ട് തീരും!

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (13:12 IST)
PRO
PRO
കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിളളയും മകനും മന്ത്രിയുമായ കെ ബി ഗണേഷ്കുമാറും തമ്മിലുണ്ടായ തര്‍ക്കം രണ്ട്‌ ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. രാവിലെ ആലുവ ഗസ്റ്റ്‌ ഗൗസില്‍ ഗണേഷുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇരുവരുടെയും വിശദീകരണം കേട്ടതായും ഇരുവരും തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചതായും പി പി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ്(ബി)യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പി പി തങ്കച്ചന്റെ വീരവാദം.

കാര്യങ്ങള്‍ ഇപ്പോള്‍ പഴയതിലും മോശമാണ്. ഇതുസംബന്ധിച്ച് ഗണേഷ്കുമാര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പിള്ള പറഞ്ഞു. പ്രശ്ന പരിഹാരത്തിന് യു ഡി എഫുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ഉമ്മന്‍‌ചാണ്ടി ആറ് പ്രാവിശ്യം ചര്‍ച്ചയ്ക്ക് വിളിച്ച് തന്നെ അപമനിക്കുകയായിരുന്നുവെന്നും പിള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗണേഷിനെ രൂക്ഷമായ ഭാഷയിലാണ് പിള്ള കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. തോന്ന്യാസം കാണിച്ച് മുന്നോട്ട് പോകുന്ന ഗണേഷിന് ഉമ്മന്‍‌ചണ്ടി കയ്യിലുള്ളപ്പോള്‍ എന്തുമാകാമെന്ന വിചാരമാണെന്നും പിള്ള കുറ്റപ്പെടുത്തി

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരാവശ്യവും ഉന്നയിച്ച് വന്നിട്ടില്ല എന്നതോഴിച്ചാല്‍ ഗണേഷ് പറഞ്ഞതെല്ലാം നുണയാണ്. തന്റെ രോഗവിവരം അന്വേഷിച്ച് വന്ന മകനോട് താന്‍ പറഞ്ഞത് നിങ്ങളോട് പറയാന്‍ കൊള്ളത്തതാണെന്നും പിള്ള വ്യക്തമാക്കി.