പിറവത്ത് ചട്ടലംഘനം നടന്നെന്ന് ചന്ദ്രപ്പനും

Webdunia
ഞായര്‍, 26 ഫെബ്രുവരി 2012 (12:09 IST)
PRO
PRO
ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന പിറവം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന വാഗ്‌ദാനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനും പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഇത്തരം ഒരു പ്രസ്‌താവന നടത്തിയത്. പിന്നീട് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ഈ പ്രഖ്യാപനം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്ക് മാത്രം പ്രഖ്യാപിക്കാന്‍ അവകാശമുള്ള ഇത്തരം കാര്യങ്ങള്‍ ഒരു മന്ത്രി എങ്ങനെയാണ് പ്രഖ്യാപിക്കുകയെന്നും ചന്ദ്രപ്പന്‍ ചോദിച്ചു.

മന്ത്രിയാക്കുമെന്ന പ്രഖ്യാപനം ചട്ട ലംഘനം തന്നെയാണ്. ഇതിന് ഒരു ഉദാഹരണമാണ് യുപി തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുമെന്നു കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രസ്താവന ചട്ടലംഘനമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പരിഗണിച്ചത്. അതിനു സമാനമായ കാര്യമാണു പിറവത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ചെയ്തിട്ടുള്ളതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.