ജിഷ വധക്കേസ് അന്വേഷണത്തിന് പിണറായി വിജയന്‍ മന്ത്രിസഭ നല്‍കുന്ന പ്രാധാന്യം അധികാരമേറ്റ ആദ്യ ദിനത്തില്‍ തന്നെ വ്യക്തമായതാണല്ലോ. ജിഷ കേസ് പോലെ തന്നെ സംസ്ഥാനത്ത് വലിയ ചര്‍ച്ചാവിഷയമായതാണ് നടന്‍ കലാഭവന്‍ മണിയുടെ മരണവും. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിമുട്ടിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്.
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് സൂചനകള്‍. തൃശൂരില്‍ നിന്നുള്ള മന്ത്രി എ സി മൊയ്തീന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ നിരാഹാരസമരം ഉപേക്ഷിച്ചു.
കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള കാലതാമസം കൊണ്ടാണ് സംസ്ഥാന പൊലീസിന്‍റെ അന്വേഷണം ഏതാണ്ട് പൂര്‍ണമായും നിലച്ചത്.
കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ ആ രീതിയിലുള്ള അന്വേഷണമായിരിക്കും നടക്കുക എന്നാണ് സൂചന. കേസിന്‍റെ ചുമതല പുതിയ ടീമിന് നല്‍കുമെന്നും സൂചനകളുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തവരെയൊക്കെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
കലാഭവന്‍ മണി ജീവിച്ചിരുന്നു എങ്കില്‍ കുന്നത്തുനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ അടുപ്പവും സൌഹൃദവുമുള്ളയാളായിരുന്നു മണി. അതുകൊണ്ടുതന്നെ മണിയുടെ അകാലമരണത്തിലെ ദുരൂഹതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പിണറായിയുടെ നേരിട്ടുള്ള ഇടപെടലുകളുണ്ടാവുമെന്നാണ് കരുതുന്നത്. സത്യം ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.