പിണറായി വിജയന്‍ കൊള്ളിവാക്കുകള്‍ ഒഴിവാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പിണറായി ആത്മസംയമനം പാലിക്കണം. സിപിഐയ്‌ക്കെതിരായ പിണറായിയുടെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പ്രദേശിക വിഷയങ്ങള്‍ പൊതുവേദികളില്‍ അലക്കരുത്. ഇത്തരം കാര്യങ്ങള്‍ ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടരുതെന്നും പന്ന്യന്‍ പറഞ്ഞു.
ഇടതുകക്ഷികള്‍ ഒന്നിച്ചു നീങ്ങേണ്ട സമയമാണിത്. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. തര്‍ക്കങ്ങളുടെ പേരില്‍ സമയം കളയുന്നത് ശരിയല്ലെന്നും പന്ന്യന്‍ പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച് പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളാണ് പന്ന്യന്റെ പ്രതികരണത്തിന് ഇടയാക്കിയത്.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വള്ളിക്കാട് സംഘടിപ്പിച്ച വള്ളിക്കാട് വാസു അനുസ്മരണ പൊതുസമ്മേളനത്തിലാണ് പിണറായി സിപിഐക്കെതിരെ വിമര്‍ശം ഉന്നയിച്ചത്. ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തില്‍ സിപിഎമ്മിനൊപ്പം വേദി പങ്കിടാന്‍ സിപിഐ വിസമ്മതിച്ചതാണ് പിണറായിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.