പാര്‍ട്ടി വഞ്ചിച്ചു: മനോജ് വധക്കേസിലെ പ്രതികള്‍

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2012 (19:03 IST)
PRO
PRO
സി പി എം നേതൃത്വത്തിനെതിരെ മനോജ് വധക്കേസിലെ പ്രതികള്‍. പാര്‍ട്ടി തങ്ങളെ വഞ്ചിച്ചെന്നും കേസില്‍ ആസൂത്രിതമായി തങ്ങളെ കുടുക്കുകയായിരുന്നെന്നും പ്രതികള്‍ പറഞ്ഞു. കോടതി മുറ്റത്ത് വച്ചായിരുന്നു പ്രതികള്‍ സി പി എമ്മിനെതിരെ ആരോപണം ഉന്നയിച്ചത്.

രക്ഷപ്പെടുത്താമെന്ന് വാക്ക് തന്നിട്ടാണ് കേസില്‍ പ്രതിയായത്. പാര്‍ട്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളെ പൊലീസിനറിയാം. കേസ് അന്വേഷിക്കുന്ന സി ഐ ഡി വൈ എഫ് ഐക്കാരനാണെന്നും പാര്‍ട്ടി പറഞ്ഞിരുന്നെന്നും കേസിലെ ഒന്നാം പ്രതിയായ അജിത്കുമാര്‍ പറഞ്ഞു.

ബി ജെ പി പ്രവര്‍ത്തകനായിരുന്ന പയ്യോളി അയനിക്കാട് സി ടി മനോജിന്റെ(39) കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം അറിയിച്ചത്.

സി പി എം പ്രവര്‍ത്തകരായ 14 പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച്‌ പ്രതികളാവുകയായിരുന്നു എന്നും കേസിലെ സിപിഎംകാരായ ആറ്‌ പ്രതികള്‍ പറഞ്ഞിരുന്നു. നുണപരിശോധന ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ഇവര്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

സി പി എം പ്രവര്‍ത്തകരായ അച്ഛനെയും മകനെയും വീട്ടില്‍ കയറി ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്തിരുന്നു. ഫിബ്രവരി എട്ടിനായിരുന്നു ഈ സംഭവം. ഇതിനു പ്രതികാരമായാട്ടാണ് 12-ന് മനോജ് കൊല്ലപ്പെടുന്നത്.