പാര്‍ട്ടി നേതാക്കള്‍ ജനങ്ങളോട് വിനയമുള്ളവരായിരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതശൈലിയാവണം നേതാക്കള്‍ക്ക് ഉണ്ടാവേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാലക്കാട് നടക്കുന്ന സിപിഎം സംസ്‌ഥാന പ്ലീനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്‌ഥാന പ്ലീനത്തിന്റെ ലക്ഷ്യം സംഘടനയെ ശക്‌തിപ്പെടുത്തുകയും നവീകരിക്കുകയാണ്. കേരളം പാര്‍ട്ടിയുടെ ശക്‌തികേന്ദ്രമാണ്. സംസ്‌ഥാന പ്ലീനത്തില്‍ രാഷ്‌ട്രീയ സ്‌ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്ലീനത്തിന് തുടക്കമായത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിളള, സീതാറാം യെച്ചൂരി എന്നിവരും 3 ദിവസത്തെ പ്ലീനത്തിലുണ്ടാകും.
ഉച്ചയ്ക്കു ശേഷം പിണറായി വിജയന്‍ സംഘടനാരേഖ അവതരിപ്പിക്കും. ബ്രാഞ്ച് തലം മുതലുളള പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി കൊണ്ടുളള റിപ്പോര്‍ട്ടാണ് പിണറായി വിജയന്‍ അവതരിപ്പിക്കുക. റിപ്പോര്‍ട്ടിന്മേല്‍ ഏഴ് മണിക്കൂര്‍ ചര്‍ച്ച നടക്കും. 408 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്.