പാമോലിന്‍ കേസ് പിന്‍‌വലിക്കാനാവില്ലെന്ന് വിജിലന്‍സ് കോടതി

Webdunia
വെള്ളി, 10 ജനുവരി 2014 (11:44 IST)
PRO
PRO
പാമോലിന്‍ കേസ് നിരുപാധികം പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാരിന്‍റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു‌. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എംഎല്‍എയും കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജനുവരി 12നകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസ് ആയതിനാല്‍ പൊതുജന താത്പര്യമുണ്ടെന്നും പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെയും വി എസ് സുനില്‍ കുമാര്‍ എംഎല്‍എയുടെയും വാദം. രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയും ആയിരുന്ന ടി എച്ച് മുസ്തഫ, അഞ്ചാംപ്രതി മുന്‍ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളിയത് ഇക്കാരണം കൊണ്ടായിരുന്നെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പാമോലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നു എന്നതിന് തെളിവില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. 1991-1992 കാലത്ത് പതിനായിരം മെട്രിക് ടണ്‍ പാമോലിന്‍ മലേഷ്യയില്‍ നിന്നും ഇറക്കുമതിയില്‍ ചെയ്തതില്‍ 2.32 കോടി രൂപ സര്‍ക്കാരിന് നഷ്ടം സംഭവിച്ചു എന്നായിരുന്നു കേസ്.

2010 ല്‍ കെ കരുണാകരന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്നു ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതിനെതിരെ വിഎസ് സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മുന്‍ചീഫ് സെക്രട്ടറി പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സക്കറിയ മാത്യു, മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോമസ് കമ്പനി പ്രതിനിധികള്‍ എന്നിവരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.

ജിജി തോംസണ്‍, ടി എച്ച് മുസ്തഫ എന്നിവരുടെ വിടുതല്‍ ഹര്‍ജികളും കോടതി തള്ളി. പത്മകുമാര്‍, സഖറിയാ മാത്യു എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിലാണ് കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടപാട് ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും കേസ് അനന്തമായി നീണ്ടുപോകുന്നത് ഉദ്യോഗസ്ഥരുടെ ഭാവിയെ ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ കേസ് പിന്‍വലിക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടി. ഇതിനെതിരെ വി എസും സുനില്‍കുമാറും സമര്‍പ്പിച്ച ഹര്‍ജികളിലും വാദം പൂര്‍ത്തിയായി.