പാകിസ്ഥാന് സഹായം: ഹൈക്കോടതി വിശദീകരണം തേടി

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2010 (13:46 IST)
പാകിസ്ഥാന്‍ സര്‍ക്കാരിനു പ്രളയദുരിതാശ്വാസമായി അഞ്ച് കോടി രൂപ നല്‍കാനുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു ഹൈക്കൊടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തോടും കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊച്ചി കൂവപ്പാടം സ്വദേശി ടി.ജി. മോഹന്‍ദാസാണ് ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ തൊട്ടുതലേന്ന് എടുത്ത തീരുമാനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും നാട്ടിലെ വരള്‍ച്ചയ്ക്കോ വെളളപ്പൊക്കത്തിനോ ദുരിതാശ്വാസം നല്‍കാതെ പാകിസ്ഥാനു പണം കൊടുക്കുന്നതു കടുത്ത വിവേചനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണു പാകിസ്ഥാനു പണം കൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദുരിതാശ്വാസ നിധി ഇത്തരമൊരാവശ്യത്തിന് ഉപയോഗിക്കാമോ എന്ന് വ്യക്തമല്ല. കേരളത്തിലെ പാവങ്ങള്‍ക്കു നല്‍കാന്‍ ഉദ്ദേശിച്ചുള്ള പണം പാക്കിസ്ഥാനു നല്‍കാമോ എന്നതാണു കോടതിയുടെ മുന്നിലെ പ്രധാന വിഷയം. തുല്യനീതിയുടെ ലംഘനം നടന്നിരിക്കുകയാണെന്നും ഭരണഘടനയുടെ അനുഛേദം 14 അനുസരിച്ച് ഈ തീരുമാനം റദ്ദ് ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

ദേശീയ ദുരന്തനിവാരണ അതോറിറ്റി ചട്ടങ്ങള്‍ക്കു വിരുദ്ധമായിട്ടാണു കേരള സര്‍ക്കാരിന്‍റെ ഈ തീരുമാനമെന്നും ഹര്‍ജിയില്‍ പരാതിപ്പെടുന്നുണ്ട്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. അര്‍ച്ചന നാരായണന്‍ ഹാജരായി.