പറവൂര്‍: സിപി‌എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി

Webdunia
ഞായര്‍, 24 ജൂലൈ 2011 (12:29 IST)
PRO
PRO
പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി സിപിഎമ്മിന് പാരയാവുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഒരു മന്ത്രിയുടെ പേര് മൊഴിയില്‍ കടന്നുവന്നതാണ് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്.

സി പി എം ലോക്കല്‍ സെക്രട്ടറി ആയിരുന്ന തോമസ്‌ വര്‍ഗീസ്‌, ഇടതുപക്ഷ തൊഴിലാളി സംഘടനാ നേതാവ്‌ എല്‍ദോ കെ മാത്യു എന്നിവരുടെ മൊഴികളിലാണ് മുന്‍ മന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇവര്‍ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചാണ് പീഡിപ്പിച്ചത്. ഇടനിലക്കാരിക്ക് 20,000 രൂപ നല്‍കിയാണ് ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. രാത്രി ഒരുമണിയോടെയാണ് തമ്പാനൂരിലെ ലോഡ്‌ജിലെത്തിയത്. തുടര്‍ന്ന് രാവിലെ 10 മണി വരെ പീഡനം തുടര്‍ന്നു എന്നാണ് വിവരം. എന്നാല്‍ ഒരു മന്ത്രിയുടെ അടുത്ത് ശുപാര്‍ശയുമായി പോകുമ്പോഴാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോയത് എന്നാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പ്രമുഖ നേതാവിനെതിരെയുള്ള പെരുമാറ്റദൂഷ്യ പരാതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയവും ഉന്നയിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തില്ല.

അതേസമയം വൈപ്പിനിലെ ഒരു പഞ്ചായത്തംഗവും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ആരോപണമുണ്ട്‌.