പറവൂര്‍ പീഡനം: പിതാവ് കുറ്റക്കാരന്‍

Webdunia
വ്യാഴം, 26 ജൂലൈ 2012 (11:55 IST)
PRO
PRO
പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ പറവൂര്‍ വാണിയക്കാട്‌ ചൗതി പറമ്പില്‍ സുധീര്‍ (40) കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ക്രൈംബ്രാഞ്ച്‌ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ സുധീര്‍ കുറ്റക്കാരനാണെന്ന്‌ എറണാകുളം സെഷന്‍സ്‌ കോടതി കണ്ടെത്തിയത്‌. ബാലപീഡനം, ബലാത്സംഗം, വധഭീഷണി എന്നിവയാണ് ഇയാള്‍ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. കേസ് അപൂര്‍വത്തില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇരുന്നൂറിലധികം പേര്‍ പ്രതികളായ കേസില്‍ ഇരുപതോളം കുറ്റപത്രങ്ങളാണ്‌ ക്രൈംബ്രാഞ്ച്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. പറവൂര്‍ പൊലീസ്‌ അന്വേഷണം തുടങ്ങിയ കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ്‌ കോടതിയില്‍ രഹസ്യവിചാരണയാണു നടത്തിയത്‌. സുധീറിന്റെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.